Tuesday, March 17, 2009

കാസര്‍കോട്ട് നിന്നൊരു റയില്‍വേ പോര്‍ട്ടര്‍ കം ക്രിക്കറ്റര്‍

ക്രിക്കറ്റ് ജ്വരം ഇന്നത്തെപോലെ അത്രകണ്ടു ഉണ്ടായിരുന്നില്ല 15 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ഞങ്ങളുടെ ഗ്രാമത്തില്‍ (അരിയല്ലൂര്‍). ഇതു കിറുക്കന്‍മാരുടെ കളിയാണെന്നും പറഞ്ഞു പുതു തലമുറയെ കാരണവന്‍മാര്‍ പിന്തിരിപ്പിക്കുമായിരുന്നു, അവരെ പറഞ്ഞിട്ടും കാര്യമില്ല, ദിവസങ്ങളോളം നീണ്ടു നില്‍ക്കുകയല്ലേ ഒരു കളി.


പക്ഷെ ഞങ്ങള്‍ കുറച്ചു പേരുടെ മനസ്സില്‍ ക്രിക്കറ്റിനോട് വല്ലാത്ത ആവേശമായിരുന്നു. ഇന്ത്യ കളിക്കുന്ന എല്ലാ മാച്ചുകളുടെയും തല്‍സമയ റിലെ കാണാനും റിസള്‍ട്ട് അറിയുവാനും ഏത് വേലി ചാടി പോവാനും ഞങ്ങള്‍ തയ്യാറായിരുന്നു. വിരലില്‍ എണ്ണാവുന്ന വീടുകളില്‍ മാത്രമെ അന്ന് TV ഉണ്ടായിരുന്നുള്ളൂ, അതും റയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്ത്, കിഴക്ക് ഭാഗത്ത് അന്നൊന്നും കരണ്ട് പോലും കിട്ടിയിട്ടില്ലായിരുന്നു. അങ്ങനെ വായിച്ചും കണ്ടും ഞങ്ങള്‍ കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചു. തെങ്ങിന്‍റെ ഓലമടല്‍ ബാറ്റും ചുള്ളി കമ്പിന്റെ സ്ടംപും ഓലപ്പന്തും, റബ്ബര്‍പന്തും എല്ലാമായി ഞങ്ങള്‍ അങ്ങിനെ കളി ആരംഭിച്ചു.

ടീം അംഗങ്ങള്‍: ഗഫൂര്‍ (ചോട്ടാ അസറുദ്ദീന്‍), അഫ്സര്‍, നാസര്‍ (വിക്കറ്റ് കീപ്പര്‍), സാകിര്‍, മനോഹരന്‍ (സ്കിപ്പര്‍), രാമകൃഷ്ണന്‍, പ്രേമന്‍, സുരേഷ്കുമാര്‍ (ഇന്നു ജീവിച്ചിരിപ്പില്ല), അനില്‍കുമാര്‍ (ഫാസ്റ്റ് ബൌളര്‍), മുസ്തു, ജലീല്‍, ect., ect..

ആയിടക്കാണ്‌ തമിഴ്നാട്ടില്‍ താമസമാക്കിയിരുന്ന ഒരു മലയാളി കുടുംബം തിരിച്ചു ഞങ്ങളുടെ നാട്ടിലേക്ക് താമസം മാറ്റുന്നത്‌. അതില്‍പെട്ട അവരുടെ മക്കളായ മുസ്തഫയും, ഹമീദും, ഹബീബും തമിഴ്നാട്ടില്‍ വളര്‍ന്നത്‌ കൊണ്ടു നല്ല ക്രിക്കറ്റ് കളിക്കാരയിരുന്നു. അവര്‍ കൂടി ടീമില്‍ ചേര്‍ന്നപ്പോള്‍ കളിയുടെ കൂടുതല്‍ ഗുട്ടന്‍സ് പിടികിട്ടി, കൂട്ടത്തില്‍ ഒരു സത്യവും മനസ്സിലായി; കളിയില്‍ ഞങ്ങള്‍ ഒന്നുമായിരുന്നില്ല എന്ന്.

ഒരു ടീമെന്ന നിലയില്‍ എവിടെയൊക്കെയോ എന്തിന്‍റെഒക്കെയോ കുറവുകള്‍ പിന്നെയും ഉണ്ടായിരുന്നു. ഒരു നല്ല കോച്ചിന്റെ, ഫണ്ടിന്‍റെ അങ്ങിനെ ഒരുപാടു കാര്യങ്ങള്‍.

ഒരു ദിവസം കളി കഴിഞ്ഞു വിയര്‍പ്പില്‍ കുളിച്ചു ബാറ്റും സ്ടമ്പും തോളിലേറ്റി വീടുകളിലേക്ക് മടങ്ങുമ്പോഴാണ് റയില്‍വേ പോര്‍ട്ടറുടെ കൊട്ടെഴ്സില്‍ ഒരു പുതു മുഖത്തെ കാണുന്നത്, ഒരു ഗൌരവക്കാരന്‍, ആരും അത്ര മൈന്റ് ചെയ്തില്ല. പിന്നീടാനറിഞ്ഞത് അത് പുതുതായി വന്ന പോര്‍ട്ടര്‍ ആണെന്ന്, കാസര്‍കോട്‌ ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശി. ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാര്‍ ആയതുകൊണ്ടാവാം പുള്ളിക്കാരന്‍ ഇങ്ങോട്ട് വന്നു മുട്ടി, എന്നിട്ട് ചോദിക്കുവാ ഞാനും കൂടട്ടെ കളിക്കാന്‍.. തള്ളെ അതുവരെ കരുതിയ പോലെയല്ല കേട്ടാ, ലെവന്‍ പച്ചപ്പാവം.

ടീമിന് ആവശ്യമായ ഒരു കൊച്ചിനെ ഞങ്ങള്‍ക്ക് കിട്ടുകയായിരുന്നു ഈ പരിച്ചയപ്പെടലിലൂടെ, പിന്നീട് റയില്‍വേ കൊട്ടെഴ്സ് ഞങ്ങളുടെ മീറ്റിങ്ങ് റൂമായി മാറി. ഒരുപാട് മാറ്റങ്ങളുടെ തുടക്കമായിരുന്നു പിന്നീടങ്ങോട്ട്. പോര്‍ട്ടര്‍ തന്നെ മുന്നിട്ടിറങ്ങി കുടക്കാട് എസ്ടേറ്റില്‍ പൊട്ടകിണറിനു അടുത്തായി നല്ല പിച്ച് കണ്ടെത്തി, ഫോറും സിക്സും വേര്‍തിരിക്കുന്ന രീതിയില്‍ തന്നെ റബ്ബര്‍ മരങ്ങള്‍ ബൌണ്ടറിയായി കിട്ടിയ നല്ല സ്ഥലം. അവിടെ എന്നും വൈകുന്നേരം കളിയുടെ പൂരമായിരുന്നു. ആവശ്യമായ ഫണ്ടും താനേ വന്നു തുടങ്ങി. പുതിയ ബാറ്റ്, സ്റ്റിച്ച് ബോള്‍, സ്റ്റാമ്പ്‌, പാട് എന്ന് വേണ്ട അബ്ദമം പാട് വരെയായി. അങ്ങിനെ അവിടെ 'സിട്ടാടെല്‍' എന്ന ക്രിക്കറ്റ് ക്ലബിന് രൂപം പ്രാപിക്കുകയായിരുന്നു.

അടുത്ത പ്രദേശങ്ങളില്‍ നടന്നു വരുന്ന ടൂര്‍ണമെന്ടുകളില്‍ പങ്കെടുക്കാന്‍ ക്ഷണങ്ങള്‍ വന്നു കൊണ്ടിരുന്നു. പരപ്പനങ്ങാടി, ചെട്ടിപ്പടി, കുടക്കാട്‌, ആനങ്ങാടി, അത്താനിക്കല്‍ ടീമുകളുമായി കിടപിടിക്കുന്ന ഒരു ടീമായി ഞങ്ങള്‍ മാറിക്കഴിഞ്ഞിരുന്നു. പല ടൂര്‍ണമെന്റുകളിലും പങ്കെടുത്തു, ഗപ്പ്ഒന്നും കിട്ടിയില്ലെന്കിലും, ഞങ്ങളുടെ ചുണ്ടുകള്‍ ഗപ്പിന്റെ വക്കത്തുവരെ എത്തി തിരിച്ചു പോന്നിട്ടുണ്ട്. എല്ലാവരും എല്ലാ അര്‍ത്ഥത്തിലും ഫിറ്റ് ഏത് പുതിയ വെല്ലുവിളിയെയും നേരിടാനായിട്ട്.

അതിനിടക്കാണ്‌ ഞങളുടെ മനസ്സിലേക്ക് ഇടിത്തീയായി ആ വാര്‍ത്ത വാന്നത്, പോര്‍ട്ടര്‍ പോവുന്നു പുതിയ സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫറായി. രണ്ടു വര്‍ഷത്തോളം ഞങ്ങളോട് ഒന്നിച്ചു കളിച്ചു, ഞങ്ങളെ കളി പഠിപ്പിച്ച പോര്‍ട്ടര്‍ പോവുകയാണ്, ആര്‍ക്കും അത് സഹിക്കാന്‍ കഴിയില്ലായിരുന്നു. ആരെ കണ്ടാലാണ്‌ ഈ ട്രാന്‍സ്ഫര്‍ ഒന്ന് ഹോള്‍ഡ് ചെയ്യിക്കുക എന്ന് പോലും ഞങ്ങള്‍ ആലോചിച്ചു... വെറുതെ, ഒരാശ്വാസത്തിന്.

അങ്ങിനെ പോര്‍ട്ടര്‍ പോയി..... പേര് പോലെ തന്നെ ഒരുപാട് നല്ല ഓര്‍മകള്‍ക്ക് പുറമേ ഞങ്ങള്‍ക്ക് കളിയുടെ എല്ലാ ഗുണപാഠങ്ങളും പഠിപ്പിച്ചു തന്ന ഞങ്ങളുടെ സ്വന്തം 'ഗുണശേഖരന്‍ സാര്‍' ......വി സല്യൂട്ട് യു സര്‍.

അദ്ദേഹം ഇന്ന് എവിടെയാണാവോ? ഈ ഓര്‍മക്കുറിപ്പ്‌, ഭൂമിയുടെ ഏതെങ്കിലും കോണിലിരുന്നു അദ്ദേഹം വായിക്കാന്‍ ഇടയായാല്‍, ഞാന്‍ ധന്യനായി.

ഒന്ന് പറയാം: ഗുണശേഖരന്‍ സാറില്‍ നിന്നും കിട്ടിയ അറിവുകളും പരിശീലനവും കൊണ്ട് ഒന്ന് മാത്രമായിരുന്നു പിന്നീട് എനിക്ക് പി. എസ്. എം. ഓ. കോളേജിലെ ക്രിക്കറ്റ് ടീമിലേക്ക് രണ്ടു വര്‍ഷവും സെലക്ഷന്‍ കിട്ടിയത്.

Reactions:

4 comments:

ചിതല്‍ said...

അപ്പം അഫ്സര്‍ക്ക ഒരു പുലിയായിരുന്നു ലേ....
--------
ആ രണ്ട് വര്‍ഷം പി എസ്. എം ഓ ക്കും ഗപ്പൊന്നും കിട്ടിയില്ലേ എന്ന് ചോദിച്ചാല്‍.. ആ ചോദ്യം വേണ്ടിയിരുന്നില്ല എന്ന് പറയോ...
-

Afsar Ali Vallikkunnu said...

ചിതല്‍, നീ എന്നോട് തന്നെ ഇത് ചോദിക്കണം....
നിങ്ങളുടെ അവകാശങ്ങള്‍ക്ക് മുന്നില്‍ എനിക്ക് തടസ്സം നില്‍ക്കാന്‍ പറ്റില്ലല്ലോ.
ടീമിലേക്ക് ഒരു എന്ട്രിയായിരുന്നു എനിക്കാദ്യം പ്രധാനം. പിന്നെ ഗപ്പൊന്നും കിട്ടിയില്ലെങ്കിലും, കോളജിന്റെ അതുവരെയുള്ള ക്രിക്കെറ്റ് നിലവാരത്തിനു കുറച്ചു പുരോഗതി ഉണ്ടായി എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്.

വള്ളിക്കുന്ന് Vallikkunnu said...

ഗുണശേഖരന്‍ വായിച്ചില്ലെലും ഞാന്‍ വായിച്ചു. അന്നൊക്കെ വടിയും കൊണ്ട് നിങ്ങള്‍ കുന്നു കയറുമ്പോള്‍ ഞാന്‍ കരുതിയിരുന്നത് കുറുക്കനെ പിടിക്കാന്‍ പോവുകയാണെന്നാണ്.

Salahudheen said...

ngaha...athu shari.... AFSAR puliyalla... puppuliyanu ...pinne kurukkane pidikkal enikkishtamayi..

afsarnu ella bhavukangalum

Post a Comment

Twitter Delicious Facebook Digg Stumbleupon Favorites More